'വൈഫൈ'യുടെ 100 മടങ്ങ് വേഗമുള്ള 'ലൈഫൈ' പരീക്ഷിച്ചു ഭാവിയില്‍ എല്‍ഇഡി ബള്‍ബുകള്‍ വെളിച്ചത്തിന് മാത്രമുള്ളതാകില്ല, ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപകരണങ്ങള്‍ കൂടിയാകും

'വൈഫൈ'യുടെ 100 മടങ്ങ് വേഗമുള്ള 'ലൈഫൈ' പരീക്ഷിച്ചു
ഭാവിയില്‍ എല്‍ഇഡി ബള്‍ബുകള്‍ വെളിച്ചത്തിന് മാത്രമുള്ളതാകില്ല, ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപകരണങ്ങള്‍ കൂടിയാകും
'വൈഫൈ'ക്ക് പകരം ദൃശ്യപ്രകാശത്തിന്റെ സഹായത്തോടെ ഡേറ്റാ കൈമാറ്റം സാധ്യമാക്കുന്ന 'ലൈഫൈ' ( Li-fi ) സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം തുടങ്ങി. ഒരു ഓഫീസില്‍ ലൈഫൈ പരീക്ഷണാര്‍ഥം ഉപയോഗിച്ചു.
പരമ്പരാഗത വൈഫൈ സംവിധാനത്തെ അപേക്ഷിച്ച് നൂറുമടങ്ങ് വേഗത്തില്‍ ഡേറ്റാ കൈമാറാന്‍ ലൈഫൈ സഹായിക്കും. സെക്കന്‍ഡില്‍ 1ഗിഗാബിറ്റ് വേഗത്തില്‍ (1Gbps ) ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ലൈഫൈയ്ക്ക് കഴിയും.
സാധാരണ എല്‍ഇഡി ബള്‍ബ് പോലൊരു പ്രകാശ സ്രോതസ്സും ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫോട്ടോ ഡിറ്റെക്ടറും മതി പുതിയ സംവിധാനത്തില്‍.
എസ്‌തോനിയന്‍ തലസ്ഥാനമായ ടാലിനില്‍, 'വെല്‍മിന്നി' ( Velmenni ) എന്ന കമ്പനിയാണ് ലൈഫൈ സംവിധാനം ഓഫീസിനുള്ളില്‍ പരീക്ഷിച്ചത്. 'വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍' ( VLC ) രംഗത്ത് മുന്നേറ്റം സാധ്യമായതായി കമ്പനി അറിയിച്ചു. 'വെല്‍മിന്നി ജുഗ്നു' ( Velmenni Jugnu ) എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിട്ടുള്ളത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള കമ്പനിയാണ് വെല്‍മിന്നി.
Velmenni Jugnu
ലൈഫൈ എനേബിള്‍ ചെയ്തിട്ടുള്ള ലൈറ്റ് ബള്‍ബിന്റെ സഹായത്തോടെ 1Gbps ഡേറ്റ വേഗം കൈവരിക്കാന്‍ വെല്‍മെന്നിക്കായി. സൈദ്ധാന്തികമായി ഈ വേഗം 224 Gbps വരെയാകാമെന്ന് ലബോറട്ടറി ടെസ്റ്റുകളില്‍ കണ്ടിട്ടുണ്ട്.
വെല്‍മിന്നി ഓഫീസില്‍ നടന്ന ടെസ്റ്റില്‍ ജീവനക്കാര്‍ക്ക് ലൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞു.
'ദൃശ്യപ്രകാശമുപയോഗിച്ച് ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന അടുത്ത തലമുറ എല്‍ഇഡി ബള്‍ബുകളാണ് ജുഗ്നു' -കമ്പനിയുടെ വെബ്ബ്‌സൈറ്റ് പറയുന്നു. 'ലൈഫൈ ടെക്‌നോളജി ഞങ്ങള്‍ പുതിയ റേഞ്ച് എല്‍ഇഡികളില്‍ ഏര്‍പ്പെടുത്തുകയാണ്'.
പുതിയ പരീക്ഷണം കൂടുതല്‍ സ്ഥലങ്ങളില്‍ വിജയിച്ചാല്‍, ഭാവിയില്‍ എല്‍ഇഡി ബള്‍ബുകള്‍ വെളിച്ചത്തിന് മാത്രമുള്ളതാകില്ല, ഇന്റര്‍നെറ്റ് ലഭിക്കാനുള്ള ഉപാധി കൂടിയാകും.
'മൂന്നോ നാലോ വര്‍ഷത്തിനകം' ഈ സാങ്കേതികവിദ്യ ഉപയോക്താക്കളുടെ പക്കലെത്തുമെന്ന്, വെല്‍മിന്നി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ദീപക് സൊലാങ്കി 'ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസി'നോട് പറഞ്ഞു.
സാങ്കേതികരംഗത്ത് വര്‍ഷങ്ങളായി ഉയര്‍ന്ന് കേര്‍ക്കുന്ന പേരാണ് 'ലൈഫൈ' എന്നത്. 2011ല്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ പ്രൊഫ.ഹരോള്‍ഡ് ഹാസ് ഒരു ടെഡ് ( TED - Technology, Entertainment and Design ) പ്രഭാഷണത്തിലാണ് പ്രകാശമുപയോഗിച്ച് ഡേറ്റ കൈമാറാനുള്ള വിദ്യ ആദ്യം ലോകത്തിന് മുന്നില്‍ കാട്ടിയത്.
യുട്യൂബില്‍ ഇതിനകം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞ ആ വീഡിയോയില്‍, ഒരു എല്‍ഇഡി ലൈറ്റുപയോഗിച്ച് വീഡിയോ സ്ട്രീം ചെയ്ത് അദ്ദേഹം കാട്ടുന്നുണ്ട്. ഭാവിയില്‍ ലക്ഷക്കണക്കിന് ലൈറ്റ് ബള്‍ബുകള്‍ക്ക് വയര്‍ലെസ്സ് ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ കഴിയുമെന്ന് പ്രൊഫ.ഹാസ് പ്രവചിക്കുകയും ചെയ്തു.
റേഡിയോ തരംഗ വര്‍ണരാജി (റേഡിയോ സ്‌പെക്ട്രം) അല്ല ലൈഫൈ ഉപയോഗിക്കുന്നത്. ദൃശ്യപ്രകാശ വര്‍ണരാജിയാണ്. അതിനാല്‍, വിമാനങ്ങള്‍ക്കുള്ളിലും മറ്റും ലൈഫൈ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല എന്നതാണ് ഈ സങ്കേതത്തിന്റെ ഒരു പ്രയോജനം.

No comments: